Physical Address

304 North Cardinal St.
Dorchester Center, MA 02124

അൽഹംദുലില്ലാഹ്.

ആരെങ്കിലും അൽഹംദുലില്ലായെന്ന് പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ?
ധാരാളം കേട്ടിട്ടുണ്ടെന്നാണ് മറുപടിയല്ലേ? ഞാനും ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ ഇന്ന് പുലർച്ചെ കേട്ടതു പോലെ മുമ്പ് കേട്ടിട്ടുണ്ടാവില്ല.

സംഭവമിങ്ങനെയാണ്. ഇന്നലെ രാത്രി , ഒരു ഹാജി വന്നു പറഞ്ഞു. എനിക്ക് മൂത്രമൊഴിക്കാനുണ്ട് പക്ഷെ എത്ര ശ്രമിച്ചിട്ടും മൂത്രം പോകുന്നില്ല. വലിയ പ്രയാസത്തിലാണ്. അവസാനമായി ഉച്ചക്കാണ് മൂത്രമൊഴിച്ചത്. അടിവയറ്റിൽ ശക്തമായ വേദന. വയർ വീർത്തിരിക്കുന്നു.
ഇത് പറയുമ്പോൾ അദ്ദേഹം നിൽക്കുകയും നടക്കുകയും കുനിയുകയും നിവരുകയും ചെയ്തു കൊണ്ടേയിരിക്കുകയാണ്.

ഞാൻ ചില നാടൻ രീതിയൊക്കെ പറഞ്ഞു കൊടുത്തു. അദ്ദേഹം ചെയ്തു നോക്കി. ഒരു രക്ഷയുമില്ല. വേദന കൂടി വരുന്നു. ഇടക്കിടെ ടോയ്ലറ്റിൽ പോയി നോക്കുന്നുണ്ട് പാവം.

കൂടെ റൂമിലുള്ളവരൊക്കെ നല്ല ഉറക്കമാണ്. ദീർഘ ദൂര യാത്ര കഴിഞ്ഞ് മക്കയിലെത്തി ഒട്ടും വിശ്രമിക്കാതെ ഉംറ ചെയ്ത് വന്ന് കുളിച്ച് തളർന്നുറങ്ങുന്ന അവരെ വിളിച്ചുണർത്താൻ തോന്നിയില്ല.

മൂത്ര തടസ്സമുള്ള ഹാജിയേയും കൂട്ടി പുറത്തിറങ്ങി ടാക്സി വിളിക്കുമ്പോൾ പുലർച്ചെ മൂന്ന് മണി. നേരെ പോയത് മക്കയിലെ കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിലേക്ക്.

അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.ഡോക്ടർ പരിശോധിച്ചു. അറ്റൻഡർ മൂത്രക്കുഴലും സഞ്ചിയുമായി വന്നു. ഞാൻ മറക്ക് പുറത്ത് കാത്തു നിൽക്കുകയാണ്. അൽപ സമയം കഴിഞ്ഞ് അകത്ത് നിന്ന് അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു അൽഹംദുലില്ലാഹ്…
ഡോക്ടറും നഴ്സും ഏറ്റുപറഞ്ഞു അൽഹംദുലില്ലാഹി അൽഫ മർറ…
പച്ച വിരിമാറ്റി ഡോക്ടർ എന്നെ അകത്തേക്ക് വിളിച്ചു ഞാൻ നോക്കുമ്പോൾ ബെഡിൽ എഴുന്നേറ്റിരിക്കുന്ന ഹാജിയുടെ മുഖത്ത് പതിനാലാം രാവിലെ പൂർണ്ണ ചന്ദ്രൻ , ചുണ്ടിൽ ദിക്ർ.

നിറഞ്ഞ സഞ്ചിയിലെ മൂത്രം ക്ലോസറ്റിലൊഴുക്കിക്കളയാൻ നോക്കുമ്പോൾ സാധിക്കുന്നില്ല. മാർഗം തേടി പുറത്തിറങ്ങിയ ഞാൻ ഡോക്ടറുടെ മുമ്പിൽ തന്നെ ചെന്നു പെട്ടു. കാര്യം പറഞ്ഞപ്പോൾ ഡോക്ടർ ബാത്ത് റൂമിലേക്ക് വന്ന് സഞ്ചിയുടെ മൂടി തുറന്ന് മൂത്രം ഒഴുക്കിക്കളഞ്ഞു. പുതിയ തരം സഞ്ചിയായതിനാലാണെന്നും ഇനി സ്വയം പ്രവർത്തിച്ചു കൂടെയെന്നും പുഞ്ചിരിയോടെ ചോദിച്ചു. ശരീരം കുറിയതെങ്കിലും ആ വലിയ മനസ്സുള്ള ഡോക്ടർ.

ഞങ്ങൾ പുറത്തിറങ്ങി ടാക്സി പിടിച്ച് റൂമിന് മുമ്പിലെത്തിയപ്പോൾ ഹറമിൽ നിന്ന് ബാങ്ക് വിളി. അസ്സ്വലാത്തു ഹൈറും മിനന്നൗം…
അതെ ഉറക്കിനേക്കാൾ ഉത്തമം നമസ്കാരം തന്നെ.

* സകല സ്തുതിയും സാക്ഷാൽ ദൈവത്തിന്

ശിഹാബുദ്ദീൻ ഇബ്നു ഹംസ

Leave a Reply

Your email address will not be published. Required fields are marked *